Saturday 22 February 2014

[www.keralites.net] ????? ??????????? ???????? ?????

 

അധികം കുടിച്ചാല്‍ ആണ്ടവനും ചാവും
 

മരുന്നിന്റെ കുറിപ്പടിയിലൂടെ ഒന്നു കണ്ണോടിച്ച്, രോഗി ചെറുപുഞ്ചിരിയോടെ എന്നെ നോക്കിനില്‍ക്കുകയാണ്.
''ഹും, എന്തുപറ്റി?'', ഞാന്‍ തിരക്കി.
''ഡോക്ടര്‍, മറ്റന്നാള്‍ തിരുവോണമാണ്. പഴയ സുഹൃത്തുക്കളെ വീട്ടിലേക്കു ക്ഷണിച്ചിട്ടുണ്ട്. അതിലൊരാള്‍ അമേരിക്കക്കാരനാണ്. ഒന്നാന്തരം വിസ്‌കിയും കോഞ്ഞ്യാക്കുമൊക്കെയായിട്ടാണ് അയാളുടെ വരവ്... ഒരു കമ്പനിക്കുവേണ്ടി ഒന്നോ രണ്ടോ എനിക്കും കഴിക്കാമോ?'', രോഗി ചോദിച്ചു.
അപാരമായ ഹാങ്ങോവറുമായാണ് ഞാന്‍ ക്ലിനിക്കില്‍ എത്തിയിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം തൊട്ട് ഞായറാഴ്ച അസ്തമിക്കുന്നതുവരെ ഞാന്‍ ഒരു ലിറ്റര്‍ ജോണിവാക്കറിന്റെ മുന്നിലായിരുന്നു! എന്നിട്ടും ഞാന്‍ കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞു:
''മദ്യം നിങ്ങളുടെ കരളിനെ നശിപ്പിക്കും. മാത്രമല്ല, അത് നിങ്ങളുടെ കുടുംബത്തെയും നശിപ്പിക്കും.''
പ്രഫസറായ രോഗിക്ക് ഞാന്‍ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു.
''ഈ മരുന്ന് സേവിക്കുമ്പോഴെങ്കിലും മദ്യം കഴിക്കാതിരിക്കൂ.'' ഞാന്‍ അടവ് മാറ്റിക്കൊണ്ട് അപേക്ഷാരൂപത്തില്‍ പറഞ്ഞു. മദ്യപാനാസക്തിയില്‍നിന്നും അറബ് ജനതയെ പിന്തിരിപ്പിക്കാന്‍വേണ്ടി പ്രാര്‍ഥനാ സമയത്തെങ്കിലും മദ്യം കഴിക്കാതിരിക്കൂ എന്നു മുഹമ്മദ് നബി പണ്ട് ഉപദേശിച്ചതുപോല. അതുപോലൊരു തന്ത്രമാണ് ഞാന്‍ പ്രയോഗിച്ചത്.
മരുന്നു സേവിക്കുമ്പോഴെങ്കിലും-
പക്ഷേ, രോഗി കൂട്ടാക്കുന്ന ലക്ഷണമില്ല. ''ഈ താന്തോന്നിത്തം അധികകാലം നടക്കില്ല കെട്ടോ. മദ്യനിരോധം അടുത്തുതന്നെ നടപ്പിലാവും. അതിനുമുമ്പേ നമ്മളൊക്കെ ഈ ശീലം നിര്‍ത്തുന്നതാണ് നല്ലത്.''
പ്രഫസര്‍ വികാരാധീനനായി. അദ്ദേഹം പറഞ്ഞു: ''ഒരാള്‍ക്ക് മൂത്രം കുടിക്കാന്‍ ഈ നാട്ടില്‍ സ്വാതന്ത്ര്യമുണ്ടെങ്കില്‍, ഒരാള്‍ക്ക് മദ്യം കഴിക്കാനും സ്വാതന്ത്ര്യമുണ്ടാകണം. നാട്ടില്‍ നിയമങ്ങള്‍ ഉണ്ടാക്കേണ്ടത് സമൂഹത്തെ മാത്രം കണ്ടുകൊണ്ടല്ല; വ്യക്തിയെക്കൂടി കണക്കിലെടുത്തുവേണം.''
ഞാനൊന്നും പറഞ്ഞില്ല.
''മരുന്നു കഴിച്ചില്ലെങ്കിലും വേണ്ട, മദ്യം കഴിക്കാതിരിക്കാന്‍ എനിക്ക് വയ്യ'', പ്രൊഫസര്‍ പറഞ്ഞു.
''എന്നാല്‍ എന്റെ ചീട്ട് തിരിച്ചുതരൂ'', ഞാന്‍ വാശിയില്‍ത്തന്നെ പിടിച്ചുനിന്നു.

പ്രഫസറുടെ മുഖം പെട്ടെന്ന് സജീവമായി. അദ്ദേഹം തന്റെ കഥ പറയാന്‍ തുടങ്ങി.
''കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷമായി ഒരു ദിവസം മുടങ്ങാതെ ഞാന്‍ മദ്യം കഴിക്കുന്നുണ്ട്. എന്നാല്‍, എന്റെ വിദ്യാര്‍ഥികള്‍ ആരും ഞാന്‍ മദ്യം കഴിക്കുന്നതും കഴിച്ചതും കണ്ടിട്ടില്ല. എന്നെ ഒരിക്കല്‍പോലും അവര്‍ക്ക് മണത്തിട്ടുമില്ല.
ഞാന്‍ പകല്‍സമയത്ത് ഒരിക്കലും മദ്യം കഴിച്ചിട്ടില്ല. സ്‌നേഹിതന്മാരുടെ കൂടെയിരുന്നു സ്ഥിരമായി മദ്യപിക്കാറില്ല. കമ്പനിയിലും ക്ലബ്ബിലും പാര്‍ട്ടികളിലും മദ്യമുണ്ടായാല്‍ ഞാന്‍ ഒഴിഞ്ഞുമാറുകയാണ് പതിവ്. മദ്യം ഓസിയായി കിട്ടിയാല്‍ ഞാന്‍ തൊടാറില്ല. മുഴുക്കുടിയന്മാരായി പ്രസിദ്ധിയാര്‍ജിച്ച പലരും ചക്കാത്തില്‍ മദ്യം കഴിച്ചുശീലിച്ചവരാണ്. സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും ഞാന്‍ മദ്യത്തെ കൂട്ടുകാരനാക്കാറില്ല. വിലകൂടിയ മദ്യമേ ഞാന്‍ കഴിക്കാറുള്ളൂ. അതും രാത്രി ഭക്ഷണത്തിനു മുമ്പ് രണ്ട്, കൂടിയാല്‍ രണ്ടര പെഗ്ഗ് മാത്രം. രണ്ടര പെഗ്ഗ് മദ്യത്തില്‍ പത്തു കിലോമീറ്റര്‍ ദൂരം ഓടാനുള്ള ഊര്‍ജമുണ്ട്. അത് ഡോക്ടര്‍ക്ക് ഞാന്‍ പറഞ്ഞുതരേണ്ടതിലല്ലോ. ആയതിനാല്‍ ഞാന്‍ അരിഭക്ഷണം, മധുരം, കിഴങ്ങുവര്‍ഗങ്ങള്‍ മുതലായവ ഒഴിവാക്കിയിരിക്കുന്നു. പകരം പച്ചക്കറികള്‍, ഗോതമ്പ്, പഴങ്ങള്‍, പുളിക്കാത്ത തൈര്, മത്സ്യം തുടങ്ങിയവ മിതമായി ഭക്ഷിക്കുന്നു. നിത്യവും കാലത്ത് ഒരു മണിക്കൂര്‍ നടക്കുന്നു.''
പ്രഫസര്‍ വാചാലനായി. പുറത്ത് കാത്തിരിക്കുന്ന രോഗികളെ വകവെക്കാതെ ഞാന്‍ കേള്‍ക്കാന്‍ തന്നെ തീരുമാനിച്ചു.

''നോക്കൂ, തൊഴിലാളികളാണ് ലോകത്തുള്ള മദ്യത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും കഴിക്കുന്നത്. അത് അവരുടെ അവകാശമാണ്. അവരാണ് അതുണ്ടാക്കുന്നത്. സോവിയറ്റ് റഷ്യയില്‍ ഗോര്‍ബച്ചോവിനുമുമ്പ് വോഡ്ക റേഷന്‍ കടകളിലൂടെയായിരുന്നു വിതരണം ചെയ്തത്. ചൈനക്കാരും മിതമായ തോതില്‍ നിത്യേന മദ്യം കഴിക്കുന്നു. തികഞ്ഞ ഗാന്ധിയനായിരുന്ന ഇ.എം.എസ് ചൈനയില്‍ പോയപ്പോള്‍ ഒന്നു മോന്തിയതായി അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.
ക്രൂഷ്‌ചേവും യെല്‍ത്സിനും കടുത്ത മദ്യപാനികളായിരുന്നു. യല്‍ത്സിന്‍ തലകറങ്ങി വീഴാത്ത ദിവസങ്ങള്‍ ചുരുക്കമായിരുന്നു. പാകിസ്താന്റെ ശില്പിയായ മുഹമ്മദലി ജിന്നയ്ക്കും പാകിസ്താന്റെ 'നെഹ്‌റു'വായിരുന്ന സുള്‍ഫിക്കര്‍ അലി ഭുട്ടോവിനും സ്‌കോച്ച് വിസ്‌കിയില്ലാതെ നേരം പുലരില്ലായിരുന്നു.
പരിശുദ്ധ ഖുര്‍ആന്‍ തര്‍ജമ ചെയ്ത അബ്ദുള്‍കലാം ആസാദ് (നെഹ്‌റു മന്ത്രിസഭയിലെ ശക്തനും വിദ്യാഭ്യാസ മന്ത്രിയും) സന്ധ്യാനമസ്‌കാരത്തിനുശേഷം ഒരു കുപ്പി ബ്രാണ്ടിയുമായാണ് ഇരിക്കുക. എന്നിട്ട് അദ്ദേഹം ഉരുവിട്ടുകൊടുത്തത് ഹുമയൂണ്‍ കബീര്‍ പകര്‍ത്തിയെടുത്ത് 'ഇന്ത്യ വിന്‍സ് ഫ്രീഡ'മുണ്ടാക്കി.

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ മദ്യപനെന്നു പറഞ്ഞ് ഒരു മെമ്പര്‍ അവഹേളിച്ചപ്പോള്‍ ചര്‍ച്ചില്‍ പറഞ്ഞു: 'മദ്യം എന്നില്‍ നിന്നെടുത്തതില്‍ കൂടുതല്‍ ഞാന്‍ മദ്യത്തില്‍നിന്നെടുത്തിട്ടുണ്ട്.' പ്രസിദ്ധ നയതന്ത്രജ്ഞനായിരുന്ന കെ.പി.എസ്. മേനോന്‍ ഉച്ചയ്ക്ക് ഒന്നരയും രാത്രി രണ്ടരയും സ്‌കോച്ച് വിസ്‌കി മരിക്കുന്നതുവരെ അടിച്ചുപോന്നിരുന്നു.

വൈദികകാലത്തുപോലും മദ്യം നടപ്പിലായിരുന്നു. സോമപാനം അന്നു നിഷിദ്ധമായിരുന്നില്ലെന്നു മാത്രമല്ല; ഒരു ആചാരംകൂടിയായിരുന്നു. ദേവന്മാരും ആചാര്യന്മാരും കുടിച്ചിട്ടുണ്ട്. ശ്രീരാമന്‍ മദ്യം കഴിച്ചതായി മഹാകവി വള്ളത്തോള്‍ പരിഭാഷപ്പെടുത്തിയ വാല്മീകി രാമായണത്തില്‍ തന്നെയുണ്ട്. സീതാദേവിയും രുചിച്ചിട്ടുണ്ട്. ക്രിസ്തുദേവന്‍ അത്താഴവിരുന്നുകളില്‍ ശിഷ്യന്മാര്‍ക്ക് വീഞ്ഞുപകര്‍ന്നുകൊടുത്തിരുന്നു. കാള്‍ മാര്‍ക്‌സ് തന്റെ പഠനമുറിയിലിരുന്ന് കളിമണ്‍ പൈപ്പ് വലിച്ചുകൊണ്ട് ബിയര്‍ പതിവായി കുടിച്ചതിനു രേഖയുണ്ട്.
പ്രസിദ്ധ, സ്വാതന്ത്ര്യസമരസേനാനിയായ കെ. കേളപ്പന്‍ ഒരു കടുത്ത മദ്യവിരോധിയായിരുന്നുവല്ലോ. ഭാഗ്യദോഷമെന്നല്ലാതെ എന്തു പറയാന്‍ ലിവര്‍ സിറോസിസായിട്ടാണ് അദ്ദേഹം മരിച്ചത്.''
ഇത്രയും പറഞ്ഞിട്ടും തീര്‍ന്നില്ല എന്ന മട്ടില്‍ പ്രഫസര്‍ എന്നെ നോക്കി.

''നോക്കൂ ഡോക്ടര്‍, താങ്കള്‍ പകല്‍ മുഴുവന്‍ ഒരു കന്നുകാലിയെപ്പോലെ പണിയെടുക്കുന്നു. രാത്രിയും നിങ്ങള്‍ക്ക് 'കോളു'ണ്ടാകും. ഇങ്ങനെയായാല്‍ എന്താണ് രസം? അതുകൊണ്ട് പകലത്തെ പണി കഴിഞ്ഞ് രാത്രി വീട്ടിലെത്തിയാല്‍ ഊണിനുമുമ്പ് രണ്ടെണ്ണം വീശുക. രാത്രിയിലെ 'കോളു'കള്‍ പെണ്ണു ഡോക്ടര്‍മാര്‍ അറ്റന്റ് ചെയ്യട്ടെ.''
''പിന്നേയ്, വേറോരു കാര്യം. ഞാന്‍ ചരിത്രത്തിന്റെ പ്രഫസറാണ്. ഒരു ചരിത്രം പറയാം. ലോകം കീഴടക്കിയ മഹാനായ അലക്‌സാണ്ടര്‍ അമിതമായ മദ്യപാനം നിമിത്തം മഞ്ഞപ്പിത്തം പിടിച്ചാണ് മരിച്ചത്, കെട്ടോ. എന്നാല്‍ ഒരു കാര്യം. ഞാന്‍ അങ്ങനെയൊന്നും മരിക്കാന്‍ പോകുന്നില്ല...''

(ആത്മവിശ്വാസം വലിയ മരുന്ന് എന്ന പുസ്തകത്തില്‍ നിന്ന്)

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

[www.keralites.net] ???? ??????????

 

സാഹസികതയ്ക്ക് പര്യായങ്ങള്‍ അനവധി. അതില്‍ ചിലര്‍ ചക്രത്തിന്റെ വ്യാസങ്ങളില്‍ ആനന്ദം കണ്ടെത്തുന്നു. ഓഫ് റോഡിങ്ങിന്റെ ഹരമറിഞ്ഞൊരു യാത്ര, കക്കാടംപൊയിലെന്ന പച്ചയിലേക്ക്

 


വണ്ടിച്ചക്രത്തില്‍ ആശയറ്റവന്റെ മനസ്സ് കുരുങ്ങി കിടന്നിരുന്നു. ദേഷ്യമോ സങ്കടമോ മറ്റെന്തൊക്കയൊ കലര്‍ന്ന എരിപൊരി സഞ്ചാരം. ഇനി ഈ യാത്ര കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകാനിടയുണ്ടോ എന്നു വരെ തോന്നിപ്പോയി. പോകാനുറച്ചതായതുകൊണ്ടും നിലമ്പൂര്‍ വരെ എത്തിയതുകൊണ്ടും മാറ്റിവെയ്ക്കാന്‍ തോന്നിയില്ല. മാത്രമല്ല കോഴിക്കോടിന്റെയും മലപ്പുറത്തിന്റെയും ഇടയിലെ 'സാന്‍ഡ്‌വിച്ച്' ആയ കക്കാടംപൊയില്‍ മനസ്സിന്റെ അടിത്തട്ടില്‍ തിളച്ചുമറിഞ്ഞുകൊണ്ടിരുന്നു.

ഓഫ് റോഡിങ്ങിന്റെ ത്രില്ലൊന്നു രുചിച്ചു നോക്കാന്‍ കക്കാടംപൊയിലിനേക്കാള്‍ പറ്റിയ ഇടം വേറെയില്ലെന്ന് കേട്ടതോടെയാണ് ഇങ്ങോട്ടേക്ക് തിരിച്ചത്. അത്രയേറെ ദുര്‍ഘടമാണ് ഇങ്ങോട്ടേക്കുള്ള വഴിയില്ലാവഴി. ഉരുളന്‍ പാറക്കല്ലുകളും കുത്തനെയുള്ള കയറ്റങ്ങളും നീര്‍ച്ചാലുകളും മഴക്കാടും കലര്‍ന്ന സാഹസഭൂമി.

യാത്ര പ്ലാന്‍ ചെയ്തപ്പോള്‍ തന്നെ നിലമ്പൂരുള്ള ചങ്ങാതിമാരെ വിളിച്ച് ഓഫ് റോഡിങ്ങിന്റെ ഹരമായ വില്ലീസ് ജീപ്പ് കിട്ടുമോ എന്ന് അന്വേഷിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കന്‍ പട്ടാളത്തിന്റെ വണ്ടിയായിരുന്നു വില്ലീസ്. പട്ടാളം ഒഴിവാക്കിയപ്പോള്‍ അത് സാഹസികത ഇഷ്ടപ്പെടുന്നവരുടെ വാഹനമായി. പുറപ്പെടും മുന്നേ നിലമ്പൂരു നിന്നും മറുപടി വന്നു. 1964 മോഡല്‍ വില്ലീസ് റെഡിയാണെന്ന്. വില്ലീസിലുള്ള സാഹസിക യാത്രയുടെ ഹരം നിലമ്പൂര്‍ വരെ എത്തിച്ചു.

 


പിറ്റേന്ന് വെളുപ്പിന് കണ്‍മുന്നില്‍ ചുവന്ന വില്ലീസ് ജീപ്പ്. അവനെ അങ്ങനെ കണ്ടു നില്‍ക്കാന്‍ തന്നെ ഒരു രസം. അടിമുടി ഉഴിഞ്ഞുനോക്കി, ഒന്നു തൊട്ടു....പക്ഷെ വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ, ടാക്‌സി വിളിച്ചായാലും എത്തും. പുറപ്പെടാന്‍ നേരം, പഴയ ദൂരദര്‍ശന്‍ അറിയിപ്പു പോലെ വില്ലീസിന് മുന്നില്‍ ഏതാനും വാക്കുകള്‍ തെളിഞ്ഞു.. 'തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു'. പിന്നെ കാണുന്നത് അകന്ന് പോകുന്ന ചുവന്ന വില്ലീസിന്റെ 'ഫ്രെയിം'. അവന്റെ പ്രശ്‌നം 'സാങ്കേതിക'മാണത്രേ!

യാത്രയുടെ എല്ലാ ഹരവും വില്ലീസ് ജീപ്പു പോലെ അകന്നു പോയി. 'ഛെ നശിപ്പിച്ചല്ലോ' എന്ന് നൂറുവട്ടമെങ്കിലും മനസ്സില്‍ പറഞ്ഞു. ഇവിടം വരെ വന്നതല്ലേ പോയ് വരാം എന്ന ചുറ്റുപാടിന്റെ ആശ്വസിപ്പിക്കലില്‍ ഒരു സാദാ ഫോര്‍വീല്‍ഡ്രൈവ് ജീപ്പില്‍ കക്കാടംപൊയിലിലേക്ക്.

നിലമ്പൂര്‍ സ്റ്റേഷനില്‍ നിന്നും ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ പതുക്കെ അനങ്ങി തുടങ്ങുന്നു. ചന്തക്കുന്നും കടന്ന് വഴിക്കടവ് റോഡിലേക്ക് കയറി. കരിമ്പുഴയും പുന്നപ്പുഴയും നീര്‍പുഴയും സംഗമിക്കുന്ന ചാലിയര്‍മുക്ക്. മയിലാടിപാലത്തിലൂടെ ചാലിയാര്‍ മുറിച്ചു കടന്നു. ചുറ്റും മഹാഗണിത്തോട്ടത്തിന്റെ തണല്‍.

 


ഗ്രാമവഴികളില്‍ നന്നേ ആളുകുറവാണ്. വല്ലപ്പോഴും എതിരെ വരുന്ന ഓട്ടോറിക്ഷകളും സൈക്കിളുകളും. ചുറ്റും കൃഷിയിടങ്ങളാണ്. കുറച്ചു ചെന്നപ്പോഴേക്കും ഒറ്റയ്‌ക്കൊരു പാറ കാടിനും കൃഷിയിടങ്ങള്‍ക്കും മുകളിലേക്ക് തലയുയര്‍ത്തുന്നു. അതാണ് കുരിശുപാറ, അവിടെ നിന്നാല്‍ നിലമ്പൂരിനെ പക്ഷിക്കണ്ണുകളിലൂടെ കണ്ട് ഒരു മാപ്പ് വരയ്ക്കാം.

ഇനി ഓഫ് റോഡിങ്ങിന്റെ ആദ്യ അധ്യായത്തിലേക്ക്. കുറുവന്‍ പുഴയെ മുറിച്ചു കടക്കാന്‍ പാലം വരികയാണിവിടെ, മൂലേപ്പാടം പാലം. പാലത്തിനിരുവശവും ചെമ്മണ്‍ചെളി കുഴഞ്ഞു കിടക്കുന്നു. വണ്ടിപ്പാടിലൂടെ ചാഞ്ഞും ചെരിഞ്ഞും പാലം കടന്നു. പാലം വരുന്നതിന് മുന്നേ അരീക്കോട് വഴിയായിരുന്നു കക്കാടംപൊയിലിലേക്ക് കയറിയിരുന്നത്. പാലം കഴിഞ്ഞതോടെ പന്തീരായിരം തെളിഞ്ഞു. പന്തീരായിരം ഏക്കര്‍ നിലമ്പൂര്‍ കാടുകളാണ് നാട്ടുകാര്‍ ചുരുക്കി പന്തീരായിരം എന്ന് വിളിക്കുന്നത്.

പോകപ്പോകെ ഒരു ഗ്രാമക്കവല തെളിഞ്ഞു, ഏതാനും കൊച്ചു കടകള്‍ മാത്രം. വെണ്ടേക്കുംപൊയില്‍ എന്നയിടമാണിത്. നാലുപാടു നിന്നും പുകയുയരുന്ന ഒരു ചായക്കട. സ്ഥലത്തെ പ്രധാന 'വയറുനിറ' കേന്ദ്രം. പുകമറയ്ക്കുള്ളില്‍ അപ്പച്ചന്‍ ചേട്ടന്‍ ചായയടിക്കുന്നു. ചായക്കടയുടെ ഒരു മൂലയ്ക്ക് നാലഞ്ച് പേരിരുന്ന് ചീട്ടുകളിക്കുന്നു. ങേ...എന്ന് അറിയാതെ ചോദിച്ചു പോയി! മൂന്ന് 'ച' കൂടുന്നതാണ് ഈ കട. ചായ, ചര്‍ച്ച, ചീട്ടുകളി. ഇന്നാട്ടിലെ പ്രധാന റിക്രിയേഷന്‍ ക്ലബ്ബ്. ചീട്ടുകളി മേശയ്ക്കുമാത്രം അല്‍പ്പം വലിപ്പകൂടുതല്‍. അപ്പച്ചന്‍ ചേട്ടന്‍ നീട്ടിയടിച്ച ഒന്നരമീറ്റര്‍ ചായകുടിച്ച് അവിടെ നിന്നിറങ്ങി.

പിന്നെയായിരുന്നു ഭാഗ്യം മുന്തിരിച്ചാറില്‍ മുക്കിയ ജീപ്പിന്റെ രൂപത്തില്‍ മുന്നിലെത്തിയത്. ചായകുടിച്ച് ജീപ്പില്‍ കയറാന്‍ കാലെടുത്തു വെച്ചതും മഹീന്ദ്രയുടെ പുതുപുത്തന്‍ ഓഫ്‌റോഡര്‍ ജീപ്പായ 'താര്‍' തൊട്ടരികെ വന്ന് ബ്രേക്കിട്ടു. ഇതിലായിരുന്നു യാത്രയെങ്കില്‍ എന്ന് അറിയാതെ ആഗ്രഹിച്ചു പോയി. 'പോരുന്നോ കക്കാടംപൊയിലിലേക്ക്.....ജീപ്പിന്റെ ഡ്രൈവിങ് സീറ്റിലിരുന്നയാളോട് ചോദിച്ചു'. അനില്‍ ലൈലാക്ക് എന്നാണദ്ദേഹത്തിന്റെ പേര്. ലൈലാക്ക് എന്നത് കടയുടെ പേരാണ്.

 


യാതൊരു പ്രതീക്ഷയുമില്ലാതെയാണ് സമീപിച്ചതെങ്കിലും സംഗതി ലോട്ടറിയടിച്ചതു പോലെയായി. അനില്‍ ഒരു യാത്ര ഭ്രാന്തനാണ്, അതിനേക്കാളുപരി സാഹസിക ഡ്രൈവിങ് ഇഷ്ടപ്പെടുന്നയാളും. 16 ദിവസത്തെ ഭാരതപര്യടനം കഴിഞ്ഞെത്തിയതേ ഉണ്ടായിരുന്നുള്ളു. നിലമ്പൂരിന് ഇത്ര അടുത്ത് ഓഫ് റോഡിങ്ങിന് പറ്റിയ ഇടമുണ്ടായിട്ട് അറിഞ്ഞില്ലെന്നതായിരുന്നു അദ്ദേഹത്തിന്റെ വിഷമം.

അങ്ങനെ അനിലിന്റെ പു ത്തന്‍ 'താറി'ല്‍ കക്കാടംപൊയിലിന്റെ ഉയരങ്ങളിലേക്ക്. ആദ്യ ലക്ഷ്യം കോഴിപ്പാറ വെള്ളച്ചാട്ടമായിരുന്നു. കക്കാടംപൊയില്‍ 'ടൗണ്‍' പിന്നിലേക്ക് മറഞ്ഞു. വിരലിലെണ്ണിയാല്‍ ബാക്കി വിരലുകള്‍ എന്തു ചെയും എന്നാലോചിച്ചു പോകുന്ന എണ്ണം കടകളെയുള്ളു ഈ 'ടൗണി'ല്‍. അതില്‍ മിക്കതും തുറന്നിട്ടുമില്ല! എങ്കിലും ഇവിടുത്തുകാര്‍ക്ക് ഇതൊക്കെ ധാരാളം. നിലമ്പൂര്‍ കാടുകളിലെ ആദിവാസികളുടെ അത്താണിയാണ് ഈ ടൗണ്‍.

വെള്ളച്ചാട്ടത്തിന്റെ ഇരമ്പലില്‍ ജീപ്പിന്റെ ശബ്ദം അലിഞ്ഞു ചേര്‍ന്നു. പ്രധാന വഴിയില്‍ നിന്ന് മാറി, ഒരു കുടമാത്രം പോകുന്ന മറ്റൊരു വഴിയിലൂടെ അല്‍പ്പം നടക്കണം. പച്ചപ്പിനും ആകാശത്തിന്റെ നീലിമയ്ക്കും ഇടയില്‍ വിരിച്ച തൂവെള്ളപ്പട്ടു പോലെ ജലപാതം. ഒട്ടും ധൃതിയില്ലാതെ തട്ടുകളില്‍ നിന്നും തട്ടുകളിലേക്ക് ഒഴുകിയിറങ്ങി പച്ചപ്പിലേക്കു തന്നെ അപ്രത്യക്ഷമാകുന്നു.

കക്കാടംപൊയില്‍ ഒരു 'ഹര്‍ത്താല്‍' ടൂറിസം സ്‌പോട്ടാണ്. ഹര്‍ത്താല്‍ ദിനത്തില്‍ ചുറ്റുമുള്ള ലോകമെല്ലാം കക്കാടംപൊയിലില്‍ കൂടുകൂട്ടും. ഇങ്ങോട്ടേക്കുള്ള വഴി മുഴുവന്‍ നിലമ്പൂരിനു ചുറ്റുമുള്ള ഇടങ്ങളില്‍ നിന്നുള്ള വണ്ടികളെ കൊണ്ട് നിറയും. അധികവും ബൈക്കുകളായിരിക്കും. കോഴിപ്പാറ വെള്ളച്ചാട്ടമാണ് മിക്കവരുടെയും ലക്ഷ്യം. നിരവധി തട്ടുകളുള്ളതിനാല്‍ കുളിയുത്സവത്തിന് ക്യൂ നില്‍ക്കേണ്ടി വരില്ല.

 


വെള്ളച്ചാട്ടത്തില്‍ നിന്നും ജീപ്പിലേക്ക്. ടാര്‍ റോഡ് അവസാനിക്കുമ്പോഴേക്കും ഝാറിന് ഉത്സാഹം കൂടി. അവന്‍ നന്നായൊന്നു മുരണ്ടു. മലവെള്ളം കുത്തിയൊലിച്ച പോലുള്ള വഴിയില്ലാവഴി ഇടുങ്ങിയതും ഉരുളന്‍ പാറക്കല്ലുകള്‍ നിറഞ്ഞതുമായിരുന്നു. ആദ്യമൊക്കെ 'അനായാസേന' കയറ്റമെന്നമട്ടില്‍ വണ്ടി പുച്ഛത്തോടെ മുന്നോട്ടു കുതിച്ചു. പിന്നെ പിന്നെ കിതപ്പറിയാന്‍ തുടങ്ങി. തൃശ്ശൂര്‍ ഭാഷയില്‍ പറഞ്ഞാല്‍ ഇതൊക്കെ 'സേമ്പിള്‍' വെടിക്കെട്ട്, ഉശിരന്‍ കയറ്റങ്ങള്‍ ഞങ്ങളെ മുകളില്‍ നിന്നെത്തി നോക്കുന്നുണ്ടായിരുന്നു.

'ബ്രാണ്ടിയച്ചനെ' കാണാതെ മലകയറുന്നതെങ്ങനെ..? സാദാ ഫോര്‍വീല്‍ഡ്രൈവിന്റെ സാരഥി സാബുവിന്റെതായിരുന്നു ചോദ്യം. പേരിലെ കൗതുകം കൊണ്ട് മലമുകളിലെ പള്ളിയില്‍ കയറി. മദ്യത്തില്‍ മുങ്ങിയ അച്ഛനായതുകൊണ്ടല്ലാട്ടോ ഇങ്ങനെയൊരു പേര്. മദ്യത്തിനെതിരെ ചെറുപ്പം മുതല്‍ സന്ധിയില്ല സമരം ചെയ്തതും. കക്കാടംപൊയിലിനെ മദ്യവിമുക്തമാക്കാന്‍ നടത്തിയ അശ്രാന്ത പരിശ്രമവുമാണ് ഫാദര്‍ ചാണ്ടി കുരിശുംമൂട്ടിലിന് ഇങ്ങനെയൊരു പേര് സമ്മാനിച്ചത്.

നരയുടെ വ്യത്യസ്ത ഭാവങ്ങളുമായി, ചുരുണ്ട മുടിയും അതിനേക്കാള്‍ ചുരുണ്ട താടിയും കാവി ജുബ്ബയും പാന്റും ധരിച്ച കുറിയ രൂപം. ക്യാമറയൊക്കെ കണ്ടപ്പോള്‍ ബ്രാണ്ടിയച്ചന്‍ പറഞ്ഞു 'ഞാന്‍ ളോഹ ധരിച്ച് വരാമായിരുന്നു'. പക്ഷെ 'മദ്യ'വിശേഷം പറഞ്ഞിരിക്കെ അച്ഛന്‍ ളോഹയുടെ കാര്യം വിട്ടുപോയി. പള്ളിക്കു പിന്നിലെ ആനപ്പൊക്കത്തിലുള്ള പാറക്കല്ലില്‍ ഏണി വെച്ച് കയറുമ്പോള്‍ അച്ഛനും കൂടെ വന്നു. 'എല്ലാ വൈകുന്നേരങ്ങളിലും ഇവിടെ ഇരുന്ന് ധ്യാനിക്കാന്‍ എന്ത് സുഖമാണെന്നറിയാമോ' പച്ച താഴ്‌വാരങ്ങളെ നോക്കി അച്ഛന്റെ പറച്ചില്‍. പള്ളിപ്പറമ്പില്‍ വിളയിച്ച നല്ല മുഴുത്ത ഏത്തപ്പഴം തന്നാണ് അച്ഛന്‍ ഞങ്ങളെ യാത്രയാക്കിയത്.

'സേമ്പിളി'ല്‍ നിന്ന് ഒറിജിനലിലേക്ക് വലിയ ദൂരമുണ്ടായിരുന്നില്ല. വഴി എന്നത് ഒരു മിഥ്യയാണെന്ന് ഒരോ ഇഞ്ചും മനസ്സിലാക്കി തന്നു. അനില്‍ ഇതിനിടെ താറിന്റെ ഫ്രീ വീല്‍ ഹബ് ലോക് ചെയത്, ഫോര്‍ വീല്‍ഡ്രൈവ് മോഡിലേക്ക് മാറ്റി. ഇനിയങ്ങോട്ട് മനുഷ്യന്‍ മതിലില്‍ അള്ളിപ്പിടിച്ച് കയറുന്നത് പോലെയാണ് ജീപ്പിന്റെ പോക്ക്. ടയറുകള്‍ ഒരു പാ റക്കല്ലില്‍ നിന്നും അടുത്തതിലേക്ക് എന്ന മട്ടിലായി. ഇടയ്ക്ക് കയറാനാകാതെ തെന്നിയറങ്ങും. ഉള്ളുപിടയുന്ന നിമിഷങ്ങള്‍.

കാടിന്റെ കണ്ണുപൊത്തലുകളില്‍ നിന്ന് രക്ഷപ്പെടുമ്പോള്‍ തൂവെള്ള മേഘങ്ങള്‍ നിറഞ്ഞ മാനവും കോടമൂടിയ മലനിരകളും പച്ചമഴയില്‍ ഈറനണിഞ്ഞു നില്‍ക്കുന്നത് കാണാം. പക്ഷെ ആ കാഴ്ച്ച ജീപ്പിലിരുന്ന് ആസ്വദിക്കാനാവില്ല. ഉടലാകെ ഇളക്കി മറിച്ചാണ് കയറ്റം കയറുന്നത്. കൂട്ടത്തിലാരുടെയൊക്കയൊ തല ജീപ്പിന്റെ വശങ്ങളില്‍ ഇടിക്കുന്നുണ്ടായിരുന്നു. ആരും കാണ്ടില്ലെന്ന ധാരണയില്‍ അവരോരുത്തരും തല തിരുമ്മി.

ഒടുവില്‍ മലമുകളിലെത്തിയപ്പോഴേക്കും മിക്‌സിയിലിട്ടടിച്ച പരുവത്തിലായി. ആറു കിലോമീറ്റര്‍ കയറ്റം താണ്ടാനെടുത്തത് രണ്ടരമണിക്കൂര്‍! ഐറെമോ ഹില്‍വാലി ഇക്കോ റിസോര്‍ട്ടിനുള്ളിലാണിപ്പോള്‍. മലയുടെ ഒത്തമുകളിലെ റിസോര്‍ട്ട്. ഏറുമാടവും താഴ്‌വരകളുടെ കാഴ്ച്ചകളും. പ്രകൃതി പാറയില്‍ തീര്‍ത്ത സ്വിമ്മിങ് പൂളുമുണ്ടിവിടെ. അല്‍പ്പ നേരത്തെ വിശ്രമത്തിന് ശേഷം കാടുകയറാമെന്ന് വിചാരിച്ചു. കുത്തനെയുള്ള കയറ്റം, അട്ടകള്‍ക്ക് പഞ്ഞമില്ലാത്ത കാട്. ഒരോ ചുവടിലും അട്ടകള്‍ ക്യൂ നിന്ന് കാലിലേക്ക് വലിഞ്ഞു കയറി രക്തമൂറ്റി. മുകളിലേക്ക് കയറുംതോറും ഫ്രീസറിലേക്ക് എടുത്തു വെച്ച പോലെയായി.

ബ്രിട്ടീഷ് പട്ടാളവുമായുള്ള ഏറ്റുമുട്ടലിനിടയില്‍ പഴശ്ശിരാജാവ് ഒളിവില്‍ താമസിച്ചിരുന്ന ഗുഹകള്‍ ഈ മലമുകളിലുണ്ടെന്ന് പറയപ്പെടുന്നു. ഞങ്ങളുടെമലകയറ്റം അവസാനിച്ചത് ഗുഹ പോലെ തോന്നിക്കുന്ന വലിയൊരു പാറക്കല്ലിന് മുന്നിലാണ്. മലമുകളില്‍ നിന്ന് തെറിച്ചു പോന്ന് താഴെ എത്താതെ തങ്ങി ഉറച്ചു പോയ പോലെയാണ് ഇതിന്റെ നില്‍പ്പ്. അതിനു ചുവട്ടില്‍ അല്‍പ്പനേരം ശരീരം ശീതികരിച്ചു. അതിനിടെ കൂട്ടത്തില്‍ നിന്നൊരു കമന്റും വന്നു. 'പഴശ്ശിരാജാവ് ചായകുടിക്കാന്‍ കയറിയ സ്ഥലമായിരിക്കും'. ഗുഹയാവാന്‍ ശ്രമിച്ചു പരാജയപ്പെട്ട പാറയോടുള്ള സഹതാപം! പിന്നെ തിരിച്ചിറക്കം.

ഫോര്‍വീല്‍ഡ്രൈവ് 'മിക്‌സിയില്‍' കയറി. കയറ്റത്തേക്കാള്‍ ദുഷ്‌ക്കരമാണ് ഇറക്കം. അല്‍പ്പമൊന്നു ശ്രദ്ധപാളിയാല്‍ എല്ലാം കഴിയും. ഒടുവില്‍ സന്ധ്യയോടെ ടാര്‍ റോഡിലേക്ക് താര്‍ എത്തിയപ്പോഴേക്കും എല്ലാവരും മികച്ച തുള്ളല്‍ കലാകാരന്‍മാരായിട്ടുണ്ടായിരുന്നു.

നിലമ്പൂരിലേക്കുള്ള തീവണ്ടി


കക്കാടംപൊയില്‍ യാത്ര നിലമ്പൂരു നിന്നാണ് തുടങ്ങുന്നതെങ്കില്‍ നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയിലൂടെ ഒരു തീവണ്ടിയാത്രയാകാം. ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ബ്രോഡ്‌ഗേജ് പാതകളിലൊന്നാണ് ഇത്. 66 കി.മീ നീളത്തിലുള്ള ഒറ്റവരി പാത. ഗ്രാമീണതയില്‍ നിന്ന് അടര്‍ന്നു മാറാത്ത റെയില്‍വേസ്റ്റേഷനുകള്‍ കണ്ടുള്ള യാത്ര. ഒരു പഴയ സിനിമകാണുന്നത് പോലെ. കൂറ്റന്‍ പേരാലുകള്‍ നിറഞ്ഞ സ്റ്റേഷനുകളില്‍ തീവണ്ടി കാത്തു നില്‍ക്കുന്നവരുടെ എണ്ണവും ചുരുങ്ങും. തേക്കിന്‍കാടുകളും കമുകുതോട്ടവും തെങ്ങിന്‍തോപ്പുകളും ഇരുവശവും നിറഞ്ഞ പാത.

Kakkadampoyil

Kakkadampoyil is a hamlet streched between Kozhikode and Malappuram Districts. It is set high on the Western Ghats, with altitudes ranging from 700 to 2100 m. There are many indigenous tribal groups in this area. It is one of the rare roughest motorable roads in Kerala and it is an ideal place for one who loves off road driving.

How to reach

Location: Lies between Kozhikode and Malappuram districts, nearest town is Nilambur.

By road: Kakkadampoyyil can be reached from Nilambur and Kozhikode.

From Nilambur Town head towards Chanthakkunnu on Ooty Road. Take left deviation from Chanthakkunnu to Akamapadam and Kakkadampoyil via Mooleppadam bridge (25km).

From Kozhikode head towards Mavoor on Indira Gandhi Road (SH 24). From there to Pannikode and deviate right to Thekkinchuvad on SH 34, turn left to Kakkadampoyyil via Thottumukkam (50km). KSRTC operates service from Kozhikode to Kakkadampoyil. (Bus timing from Kozhikode 7.35am and 4pm)

By rail: Nilambur (25km)
By air: Calicut International Airport( 45 km)

Contact

DTPC Malappuram Ph: 0483-2731504, Forest Office Nilambur Ph: 04931-220232, Appa's Holidays (For travel assistance) Ph: 04931-221900

Stay

STD Code: 04931
Stay @ Kakkadampoyyil

Iremo Hill Valley Eco Resort Ph: 9497346925
Chaliyar home stay Ph: 9847633378

Stay @ Nilambur

Anna Heritage Ph: 8086362380
Hotel Rose International Ph: 226677
KTDC Tamarind: Ph: 232000
Peevees Nilambur Manor Ph: 221982
Nilambur Tourist Home Ph: 220373

Distance Chart From Nilambur

Adyanpara waterfalls -17 km
Conolly Plot-1km
Nedunkayam Falls-18km
Kakkadampoyyil-36km
Teak museaum-5km
Kozhikode-60km
Ooty-100km
 
 

 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___